![](https://upload.wikimedia.org/wikipedia/commons/thumb/7/7d/Basheer.jpg/220px-Basheer.jpg)
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
വൈക്കം മുഹമ്മദ് ബഷീർ
1908 ജനുവരി 21ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു.
പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന് . ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.
പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
സ്കൂൾ പഠനകാലത്ത് (5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാലകൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി.തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
സാഹിത്യശൈലി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcCunjANF-Y73xqJgl0zwoKTLy_ggak5c4LdhJ2gMssDaZDeQ5tZ0yCqOKMRkhxrHHAdKJLMx2VapDKCArqWK9bMQuDo6BKsC4qWakFTn3Id73oEzMr-LxB-gwjhYhzsF2qXikGz57aio/s400-rw/IMG-20160705-WA0097.jpg)
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ് തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
ഫാബി ബഷീർ
വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78 ആം ജന്മദിനത്തിൽ അവർ നിര്യാതയായി
ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjytIkNxyd_M1ng3jvpq2LKLGZT_GEFwbIwVuxqCbPRV8LV5HkoCtEWY63kwvRitp-Mxu9Fsu1tAlbTn83MKc1g3bOE6aujjcMc6WM0_CsiLhgUAPkhbxPU9tFSzBA6xiM4Zo1uKUGtkyE/s1600-rw/IMG-20160705-WA0094.jpg)
ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന 'ബഷീറിൻറെ എടിയേ' എന്ന പേരിൽ ഡി സി ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.
ചലച്ചിത്രങ്ങൾ
ഭാർഗ്ഗവീനിലയം
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്.
മതിലുകൾ
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ബാല്യകാലസഖി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglnLiyNOTDVgbU_OrmOpUwsAylCM_YyZ49FL1EWtXcNcJAz1izTDu64nbZk0Fc8rpPf1jSyn8b_-u5-9V6cHptYm9Bup3HJTicps05K6kVHQCDzjCUY3TzxPu0eFyRUPqOsz6u8C5X9Ac/s320-rw/IMG-20160705-WA0108.jpg)
സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം പി. ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്.
ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു.
ബഹുമതികൾ
- ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
- കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
- കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
- കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
- സംസ്കാരദീപം അവാർഡ് (1987)
- പ്രേംനസീർ അവാർഡ് (1992)
- ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)
- മുട്ടത്തുവർക്കി അവാർഡ് (1993)
- വള്ളത്തോൾ പുരസ്കാരം(1993)
ബഷീറിന്റെ കൃതികൾ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfR0w5iBFiQ-r3F2Pwue_aa99TGl0KX38emnQ4TGIgbK0pES3A98027V63viOBb6IHJwH9vqopfKHYPDbiuRiwQxRL7VhUM-BOrgJBuReIzwIoVBmdZ6xLVbEki_SIJoByDgDRIS12wI8/s320-rw/IMG-20160705-WA0064.jpg)
- പ്രേമലേഖനം (നോവൽ) (1943)
- ബാല്യകാലസഖി (നോവൽ) (1944)
- ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
- ആനവാരിയും പൊൻകുരിശും (നോവൽ) (1953)
- പാത്തുമ്മയുടെ ആട് (നോവൽ) (1959)
- മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
- ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
- ശബ്ദങ്ങൾ (നോവൽ) (1947)
- അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
- സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
- വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
- ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ;
- “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
- കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
- ജന്മദിനം (ചെറുകഥകൾ) (1945)
- ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
- അനർഘനിമിഷം (ചെറുകഥകൾ) (1946)
- വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
- മരണത്തിൻറെ നിഴൽ (നോവൽ) (1951)
- മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
- പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
- ജീവിതനിഴൽപാടുകൾ (നോവൽ) (1954)
- വിശപ്പ് (ചെറുകഥകൾ) (1954)
- ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
- താരാ സ്പെഷ്യൽസ് (നോവൽ) (1968)
- മാന്ത്രികപ്പൂച്ച (നോവൽ) (1968)
- നേരും നുണയും (1969)
- ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
- ആനപ്പൂട (ചെറുകഥകൾ) (1975)
- ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
- എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
- ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
- ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാലഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
- യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
- സർപ്പയജ്ഞം (ബാലസാഹിത്യം)